This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറാസോണ്‍, അക്വിനോ മരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോറാസോണ്‍, അക്വിനോ മരിയ

Corazon, Aquino Maria (1933 - 2009)

അക്വിനോ മരിയ കോറാസോണ്‍

ഫിലിപ്പീന്‍സിന്റെ പതിനൊന്നാമത്‌ പ്രസിഡന്റും പ്രസിഡന്റ്‌ സ്ഥാനം അലങ്കരിച്ച പ്രഥമവനിതയും. 1986-ല്‍ ജനകീയ അധികാര വിപ്ലവത്തിലൂടെ ഫെര്‍ഡിനാന്‍ഡ്‌ മാര്‍ക്കോസ്‌ ഭരണകൂടത്തെ അട്ടിമറിച്ച്‌ രാജ്യത്ത്‌ ജനാധിപത്യം പുനസ്ഥാപിച്ച മരിയ കോറാസോണ്‍ അക്വിനോ, ലോകത്ത്‌ ജീവിച്ചിരുന്ന പ്രമുഖ വനിതകളില്‍ ഒരാളും ജനാധിപത്യത്തിന്റെ പ്രതീകമായും അറിയപ്പെടുന്നു.

ഫിലിപ്പീന്‍സിലെ താര്‍ലക്‌ പ്രവിശ്യയില്‍ രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍, സെനറ്ററുടെ മകനും ജനപ്രതിനിധി സഭാംഗവുമായിരുന്ന ജോസ്‌ കോജാന്‍കോയുടെ മകളായി 1933 ജനു. 25-ന്‌ ജനിച്ചു. മനിലായില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കോറാസോണിനെ 13-ാം വയസ്സില്‍ ഉന്നത വിദ്യാഭ്യാസത്തിനായി യു.എസ്സിലേക്കയച്ചു. ഫ്രഞ്ചു സാഹിത്യവും ഗണിതശാസ്‌ത്രവുമെടുത്ത്‌ 1953-ല്‍ മൗണ്ട്‌ സെന്റ്‌ വിന്‍സെന്റു കോളജില്‍നിന്നു ബിരുദം നേടി. തുടര്‍ന്നാണ്‌ കോറാസോണ്‍ പത്രപ്രവര്‍ത്തകനായ ബെനിഹാനോ അക്വിനോയെ കണ്ടുമുട്ടിയത്‌. 1954 ഒ. 11-ന്‌ ഇവര്‍ വിവാഹിതരായി.

ഭരണഘടനാദത്തമായ രണ്ടു കാലയളവുകള്‍ക്കുശേഷം പ്രസിഡന്റ്‌ എന്ന നിലയിലുള്ള തന്റെ പദവി തുടരുവാനായി ഫെര്‍ഡിനാന്റ്‌ മാര്‍ക്കോസ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ (1972) തന്റെ രാഷ്‌ട്രീയ എതിരാളികളെ നീക്കം ചെയ്യാന്‍ തുടങ്ങിയതോടെയാണ്‌ കോറാസോണ്‍ രാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചത്‌. തുടര്‍ന്ന്‌ തന്റെ പിന്‍ഗാമിയായി വരാന്‍ സാധ്യതയുള്ള അക്വിനോയെ അട്ടിമറി, കൊലപാതകം, മാരകായുധങ്ങള്‍ കൈവശം വയ്‌ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മാര്‍ക്കോസ്‌ ഭരണകൂടം തുറുന്നിലടച്ചു. ഏഴരവര്‍ഷം അക്വിനോ ജയിലില്‍ കഴിച്ചുകൂട്ടി.

ഇതോടെ കോറാസോണിന്റെ ജീവിതം ദുരിതപൂര്‍ണമായ ഒരു ഘട്ടത്തിലേക്കു പ്രവേശിച്ചു. പൊതുരംഗത്തുനിന്നു മാറിനിന്ന അവര്‍ തന്റെ ഭര്‍ത്താവിന്‌ ബാഹ്യലോകവുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ശക്തിമത്തായ കണ്ണിയായി മാറി. അക്വിനോയുടെ സന്ദേശങ്ങളും ഉദ്‌ബോധനങ്ങളും പ്രസ്‌ കോണ്‍ഫറന്‍സുകള്‍വഴി അവര്‍ ജനമധ്യത്തില്‍ എത്തിച്ചുകൊടുത്തു.

ജിമ്മി കാര്‍ട്ടര്‍ ഭരണത്തിന്റെ സമ്മര്‍ദത്തിനു വിധേയമായി 1980-ല്‍ അക്വിനോയെ ജയില്‍ വിമുക്തനാക്കുകയും ഹൃദയ ശസ്‌ത്രക്രിയയ്‌ക്കായി യു.എസ്സില്‍ പോകാന്‍ അനുവദിക്കുകയും ചെയ്‌തു. ബോസ്റ്റണ്‌ സമീപമുള്ള ന്യൂട്ടണില്‍ അക്വിനോകുടുംബം താമസമാക്കി. അക്വിനോ ഹാര്‍വാര്‍ഡിലും എം.ഐ.ടി.യിലും അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.

1984 മേയില്‍ നടക്കാനിരുന്ന പാര്‍ലമെന്റു തിരഞ്ഞെടുപ്പിനുവേണ്ടി പ്രതിപക്ഷത്തെ സജ്ജമാക്കാന്‍ നാട്ടിലേക്കു മടങ്ങണമെന്ന്‌ അക്വിനോ ആഗ്രഹിച്ചു. 1983 ആഗ. 21-ന്‌ മനിലാ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അക്വിനോയെ വെടിവെച്ചു കൊലപ്പെടുത്തി. ഇതോടെ, മാര്‍ക്കോസിന്റെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി പ്രതിപക്ഷം ശക്തിയായി ആഞ്ഞടിച്ചു. അക്വിനോ തുടങ്ങിവച്ച ജോലി തുടര്‍ന്നു നടത്തുമെന്ന്‌ കോറാസോണ്‍ പ്രതിജ്ഞയെടുത്തു. ഭര്‍ത്താവിന്റെ ദാരുണമായ അന്ത്യം അനുസ്‌മരിക്കുമാറ്‌ മഞ്ഞവസ്‌ത്രം ധരിച്ചുകൊണ്ട്‌ അവര്‍ മാര്‍ക്കോസിന്റെ രാജിക്കുവേണ്ടി പ്രക്ഷോഭണം നയിച്ച പ്രതിപക്ഷത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചു. അതോടെ പ്രതിപക്ഷത്തിന്റെ അനിഷേധ്യ നേതാവായി അവര്‍ ഉയര്‍ന്നു. രാജ്യത്ത്‌ വമ്പിച്ച പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുവാന്‍ യു.എസ്‌. ഭരണകൂടം മാര്‍ക്കോസില്‍ സമ്മര്‍ദം ചെലുത്തി. തനിക്ക്‌ ജനപിന്തുണയുണ്ടെന്ന്‌ തെളിയിക്കാന്‍ 1986-ല്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ മാര്‍ക്കോസ്‌ പ്രഖ്യാപിച്ചു.

മാര്‍ക്കോസിനെതിരായി മത്സരിക്കുവാന്‍ കോറാസോണിനെ പ്രതിപക്ഷം നിര്‍ബന്ധിച്ചു. മത്സരിക്കണമെന്ന്‌ കാണിച്ച്‌ 12 ലക്ഷം ജനങ്ങള്‍ ഒപ്പിട്ട്‌ പെറ്റിഷന്‍ കൊടുത്തിട്ടും അവര്‍ അതിനു തയ്യാറായില്ല. അക്വിനോ വധത്തില്‍ കുറ്റവാളികളെന്ന്‌ കരുതപ്പെട്ട ജനറലും മറ്റും തെറ്റുകാരല്ലെന്ന്‌ കോടതി വിധിച്ചു. തുടര്‍ന്ന്‌, ഒരു ദിവസത്തെ ഉപവാസത്തിനും പ്രാര്‍ഥനയ്‌ക്കും ശേഷം അവര്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്നതാണെന്നു പ്രഖ്യാപിച്ചു.

കോറാസോണിന്റെ ആദ്യത്തെ ദൗത്യം പ്രതിപക്ഷകക്ഷികളെ ഏകോപിപ്പിക്കുകയെന്നതായിരുന്നു. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ "യൂനിഡോ' സ്ഥാനാര്‍ഥിയായി അവര്‍ മത്സരിച്ചു. കോറാസോണിന്റെ വിജയസാധ്യത തെളിഞ്ഞതോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തുവാന്‍ മാര്‍ക്കോസ്‌ ശ്രമിച്ചു. 1986 ഫെ. 7-ന്‌ തിരഞ്ഞെടുപ്പ്‌ നടന്നു. ഇരുകൂട്ടരും വിജയം അവകാശപ്പെട്ടു. ഫെ. 22-ന്‌ മാര്‍ക്കോസ്‌ പക്ഷക്കാരായ പ്രതിരോധമന്ത്രി എന്റീലും ഡെപ്യൂട്ടി സൈനിക നേതാവ്‌ ഫീഡല്‍റാമോസും അക്വിനോപക്ഷം ചേര്‍ന്നതോടെ രാഷ്‌ട്രീയരംഗം ആകെ തിളച്ചുമറിഞ്ഞു. മാര്‍ക്കോസും കോറാസോണും പ്രത്യേകം പ്രത്യേകം പ്രസിഡന്റ്‌ എന്ന നിലയില്‍ ഉദ്‌ഘാടനച്ചടങ്ങുകള്‍ നടത്തി. സ്ഥിതിഗതികള്‍ അനിയന്ത്രിതമായപ്പോള്‍ യു.എസ്‌. ഉദ്യോഗസ്ഥന്മാരുടെ ഉപദേശമനുസരിച്ച്‌ മാര്‍ക്കോസ്‌ പത്‌നീ സമേതം നാടുവിട്ടു.

പ്രസിഡന്റായി അവരോധിക്കപ്പെട്ടശേഷം മാര്‍ക്കോസിനോടു കൂറുള്ള പട്ടാളക്കാരില്‍നിന്നും മറ്റും നിരന്തരമായ എതിര്‍പ്പുകള്‍ കോറാസോണിന്‌ നേരിടേണ്ടിവന്നു. കോറാസോണിന്റെ ഭരണകൂടത്തെ താഴെയിറക്കുവാനുള്ള ശ്രമങ്ങള്‍ ഒരു വിഭാഗം സൈനികരുടെ പിന്തുണയോടുകൂടി തുടര്‍ച്ചയായി നടന്നുവെങ്കിലും അവയൊന്നും വിജയിച്ചില്ല. 1989 ഡിസംബറില്‍ നടന്ന അട്ടിമറിയെയും അവര്‍ തരണം ചെയ്‌തു.

പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച്‌ രാജ്യത്ത്‌ പുതിയ ഭരണഘടന നടപ്പില്‍ വരുത്തുകയും ദ്വിമണ്ഡല നിയമനിര്‍മാണസഭയ്‌ക്കു രൂപം നല്‍കുകയും ചെയ്‌തു. പൗരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും, കമ്യൂണിസ്റ്റുകാരുമായുള്ള സമാധാന സംഭാഷണങ്ങള്‍ക്കും മുസ്‌ലിം വിഭാഗീയതകള്‍ പരിഹരിക്കുന്നതിനും ഇവര്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി. സാമൂഹിക ഉത്തരവാദിത്ത്വമുള്ളതും വിപണി അടിസ്ഥാനമാക്കിയുള്ളതുമായ ആരോഗ്യകരമായ സാമ്പത്തിക വ്യവസ്ഥിതിയിലേക്ക്‌ രാജ്യത്തെ നയിക്കുവാന്‍ കോറാസോണ്‍ ശ്രമിക്കുകയുണ്ടായി. ഒപ്പം ഭൂപരിഷ്‌കരണത്തിനും കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധനല്‍കി.

1992-ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ നിഷ്‌പ്രയാസം വീണ്ടും അധികാരത്തിലെത്താമായിരുന്നിട്ടും കോറാസോണ്‍ അതിനു മുതിരാതെ സ്വതന്ത്രവും ശാന്തവുമായ തിരഞ്ഞെടുപ്പ്‌ അന്തരീക്ഷം ഒരുക്കിക്കൊടുത്ത്‌ അധികാരത്തില്‍ നിന്നു സ്വയം പടിയിറങ്ങി. പ്രസിഡന്റ്‌ പദവിയില്‍നിന്നു വിരമിച്ചശേഷവും അവര്‍ ഫിലിപ്പീന്‍ രാഷ്‌ട്രീയത്തില്‍ സജീവമായിരിക്കുകയും ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സ്‌ത്രീശാക്തീകരണത്തിന്റെയും പ്രചാരണാര്‍ഥം വിവിധ രാജ്യങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്‌തു. മദര്‍ തെരേസയുടെ മരണാനന്തര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി 1997-ല്‍ കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. ലോകത്തെ വിവിധ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും അക്വിനോ സജീവമായിരുന്നു. 1986-ല്‍ ടൈം മാഗസിന്റെ വുമണ്‍ ഒഫ്‌ ദി ഇയര്‍ അവാര്‍ഡ്‌, റൂസ്‌വെല്‍ട്ട്‌ മനുഷ്യാവകാശ അവാര്‍ഡ്‌, സ്വാതന്ത്ര്യത്തിനായുള്ള കനേഡിയന്‍ അന്താരാഷ്‌ട്ര സമ്മാനം, 1998-ല്‍ മാഗ്‌സെസെ പുരസ്‌കാരം, 2005-ലെ വേള്‍ഡ്‌ സിറ്റിസണ്‍ അവാര്‍ഡ്‌, റോക്‌ഫെല്ലര്‍ നേതൃത്വ പുരസ്‌കാരം, മാര്‍ട്ടിന്‍ ലൂതര്‍ കിങ്‌ ജൂനിയര്‍ അക്രമരാഹിത്യ പുരസ്‌കാരം തുടങ്ങി നിരവധി രാജ്യാന്തര അംഗീകാരങ്ങളും ബോസ്റ്റണ്‍, ഫീലിപ്പീന്‍സ്‌, വസേദ തുടങ്ങിയ സര്‍വകലാശാലകള്‍ നല്‍കി ഓണററി ബിരുദങ്ങളും കോറാസോണിനു ലഭിച്ചിട്ടുണ്ട്‌. അര്‍ബുദബാധയെത്തുടര്‍ന്ന്‌ 2009 ആഗ. 1-ന്‌ അക്വിനോ കോറാസോണ്‍ അന്തരിച്ചു.

(ഡോ. കെ. രാമന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍